മഹാഡ് പാലം തകർന്ന് കാണാതായ ബസുകൾ കണ്ടെടുത്തു

മഹാഡ് പാലം തകർന്ന് കാണാതായ ബസുകൾ കണ്ടെടുത്തു

SHARE

മുംബൈ: റായ്ഗഡ് ജില്ലയിലെ മഹാഡിനടുത്ത് മുംബൈ-ഗോവ ദേശീയപാതയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് കാണാതായ ബസുകളുടെ ഭാഗങ്ങൾ കണ്ടെടുത്തു. എട്ട് ദിവസങ്ങൾ നീണ്ടു നിന്ന തെരച്ചിലുകൾക്കൊടുവിലാണ് പാലത്തിന് 170-200 മീറ്ററുകൾക്കകലെ നിന്ന് ബസിന്‍റെ ഭാഗങ്ങൾ കണ്ടെടുത്തത്. ചെളിയിൽ പൂണ്ട നിലയിലായിരുന്നു അവശിഷ്ടങ്ങൾ.

എട്ട് ദിവസങ്ങളായി മഹാഡ് മേഖലയിൽ നേവി രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ക്രെയിൻ ഉപയോഗിച്ച് ബസിന്‍റെ ഭാഗങ്ങൾ  പൊക്കിയെടുക്കുന്നതിനുള്ള ദുരന്ത നിവാരണസേനയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. മുതലകളുടെ സാന്നിധ്യവും നദിയിലെ ശക്തമായ കുത്തിയൊഴുക്കും രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കിയിട്ടുണ്ട്. ശക്തമായ ഒഴുക്കിലും രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന ഡൈവിങ് വിദഗ്ധരെ അടക്കം നിയോഗിച്ചാണ് ഇവിടെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആഗസ്റ്റ് രണ്ടിന് രാത്രി 11.30നാണ് 88 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നത്. പാലത്തിന്‍റെ തൂണുകളില്‍ ഒന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. 18 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് ബസുകളും 10 യാത്രക്കാരുള്ള ടവേരയുമാണ് കാണാതായത്. ഇവയെ കൂടാതെ മൂന്നോളം മറ്റ് വാഹനങ്ങളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നു. നിരവധി മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു.

LEAVE A REPLY