മാണിയുടെ തീരുമാനം സർവനാശത്തിനെന്ന് പിണറായി

മാണിയുടെ തീരുമാനം സർവനാശത്തിനെന്ന് പിണറായി

SHARE

തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫ്. വിട്ടത് സ്വാഭാവികമാണെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാർത്താസമ്മേളനത്തില്‍ പിണറായി. മാണി പോയതോടെ യു.ഡി.എഫിന് പൂര്‍ണ തകർച്ചയാണ് സംഭവിച്ചത്. ലീഗ്, കോൺഗ്രസ്, കേരള കോൺഗ്രസ് എന്നീ മൂന്ന് തൂണുകളിലാണ് യു.ഡി.എഫ് നിന്നിരുന്നത്. അതില്‍ ഒരു തൂണായ കേരള കോണ്‍ഗ്രസ് പുറത്തു പോയതോടെ യു.ഡി.എഫ് തകര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ്. തകരുമെന്ന് ഞങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു. യു.ഡി.എഫിന്‍റെ പൂർണ തകർച്ച വരാനാരിക്കുന്നതേയുള്ളൂവെന്നും പിണറായി പറഞ്ഞു.

യു.ഡി.എഫ്, ഇടതുപക്ഷം, എന്‍.ഡി.എ എന്നിവയോട് പാർലമെന്‍റിലും നിയമസഭയിലും സമദൂരം പാലിക്കുമെന്നും നന്മ ചെയ്തവരെ പിന്താങ്ങുമെന്നുമാണ് കെ.എം. മാണി പറഞ്ഞത്. എൻ.ഡി.എയിലും  നന്മ കാണുകയാണ് ഇപ്പോള്‍ കെ.എം. മാണി. ക്രൈസ്തവരെ ആക്രമിച്ച് ഘർവാപസി നടപ്പിലാക്കിയ സംഘ്പരിവാറിനെ മാണി പിന്താങ്ങുന്നത് കേരള കോൺഗ്രസിനെ സർവ നാശത്തിലേക്കായിരിക്കും നയിക്കുക.

എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാതെ വന്നതുകൊണ്ടാണ് പ്രതിപക്ഷം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. യു.ഡി.എഫിലും കോണ്‍ഗ്രസിലുമുള്ള പ്രശ്‌നങ്ങളില്‍നിന്ന് മുഖം രക്ഷിക്കാനാണിതെന്നും പിണറായി പറഞ്ഞു.

എല്ലാ ആഴ്ചകളിലും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തില്ല. എന്നാൽ പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ നേരിൽ കാണുമെന്നും കാബിനറ്റ് യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

LEAVE A REPLY