എ.ടി.എം കവർച്ച നടത്തിയത് റുമേനിയൻ സ്വദേശികളെന്ന് സൂചന

എ.ടി.എം കവർച്ച നടത്തിയത് റുമേനിയൻ സ്വദേശികളെന്ന് സൂചന

SHARE

തിരുവനന്തപുരം: തലസ്ഥാനത്ത് ‘റോബിൻഹുഡ് മോഡലി’ൽ എ.ടി.എം കവർച്ച നടത്തിയത് റുമേനിയൻ സ്വദേശികളെന്ന് വ്യക്തമായ സൂചന. ക്രിസ്റ്റഫർ വിക്ടർ, ഇലി, ഫ്ലോറിക്ക് എന്നീ പേരുകളാണ് പൊലീസിന് ലഭിച്ചത്. ടൂറിസ്റ്റുകൾ എന്ന നിലയിലാണ് പ്രതികൾ ഇന്ത്യയിലെത്തിയത്. പ്രതികൾ താമസിച്ചിരുന്നത് തമ്പാനൂരിലെ ഹോട്ടലിലായിരുന്നു.  ഹോട്ടലിൽ തിരിച്ചറിയൽ രേഖയായി നൽകിയ പാസ്പോർട്ടിൽ നിന്നാണ് പ്രതികളെ സംബന്ധിച്ച് വ്യക്തമായത്. ഹോട്ടലിലെ ക്യാമറയിൽ പതിഞ്ഞ പ്രതികളുടെ കൂടുതൽ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു. ജൂലൈ 12ാം തീയതി വരെ ഇവർ ഹോട്ടലിൽ താമസിച്ചിരുന്നതായി ഹോട്ടലുടമ വ്യക്തമാക്കി. പ്രതികൾ ഇംഗ്ലീഷും റുമാനിയൻ ചുവയുള്ള ഇംഗ്ലീഷും സംസാരിച്ചിരുന്നു. കോവളത്ത് തങ്ങളുടെ സുഹൃത്തുക്കൾ ഉണ്ടെന്ന് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നേരത്തേ തട്ടിപ്പ് നടന്ന തിരുവനന്തപുരം വെള്ളയമ്പലത്തെ എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നും പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അതേസമയം കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. െഎ.ജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സൈബര്‍ വിദഗ്ധരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്. സംഭവത്തില്‍ ഡി.ജി.പി ഇന്ന് ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും. എ.ടി.എമ്മുകളിൽ പണം പിൻവലിക്കാനെത്തുന്ന ഉപഭോക്താക്കളുടെ പിൻ നമ്പർ ചോർത്തിയാണ് കവർച്ച നടന്നത്. പണം അപഹരിക്കപ്പെട്ടത് മുംബൈയിലെ എ.ടി.എമ്മുകളില്‍ നിന്നെന്ന് പ്രാഥമിക നിഗമനം. ഓരോ ഇടപാടുകാരില്‍ നിന്ന് 10,000 രൂപ വീതമാണ് പല തവണയായി അപഹരിക്കപ്പെട്ടത്.

എസ്.ബി.ഐ, എസ്.ബി.ടി, ഐ.ഡി.ബി.ഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ പണമാണ് അപഹരിക്കപ്പെട്ടത്. പലരില്‍ നിന്നായി 2.45 ലക്ഷം രൂപ അപഹരിക്കപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളയമ്പലം ആല്‍ത്തറ എസ്.ബി.ഐ ശാഖയോടു ചേര്‍ന്ന എ.ടി.എം കൗണ്ടറില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണം പൊലീസ് കണ്ടെടുത്തിരുന്നു.

LEAVE A REPLY