നികുതി പരിഷ്കരണപാതയില്‍ വഴിത്തിരിവാകുന്ന ജി.എസ്.ടി

നികുതി പരിഷ്കരണപാതയില്‍ വഴിത്തിരിവാകുന്ന ജി.എസ്.ടി

SHARE

പതിനൊന്ന് വര്‍ഷം മുമ്പ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ഏകീകൃത ചരക്കുസേവന നികുതി ( ജി.എസ്.ടി ) എന്ന സുപ്രധാനമായൊരു നികുതിപരിഷ്കാരത്തിന്‍െറ മുന്നിലെ കടമ്പകള്‍ എടുത്തുമാറ്റുന്ന 122ാം ഭരണഘടനാ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭ ഐകകണ്ഠ്യേന അംഗീകരിച്ചതോടെ ‘ഒരു രാജ്യം, ഒരൊറ്റ നികുതി’ എന്ന നൂതനമായൊരു ആശയം പ്രയോഗത്തില്‍വരുകയാണ്. ലോക്സഭയിലേക്ക് തിരിച്ചുപോകുന്ന ബില്‍ ഭേദഗതികളോടെ അംഗീകരിക്കപ്പെടുകയും ഭൂരിപക്ഷം സംസ്ഥാന നിയമസഭകള്‍ ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതോടെ 2003ല്‍ കേല്‍ക്കര്‍ ടാസ്ക് ഫോഴ്സ് മുന്നോട്ടുവെച്ച പരോക്ഷനികുതി പരിഷ്കാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ രാജ്യത്തെ നികുതിഘടനയെ സമൂലമായി തിരുത്തിയെഴുതുകയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന ബഹുവിധ പരോക്ഷനികുതികള്‍ എടുത്തുമാറ്റി ഒരൊറ്റനികുതി എന്ന ആശയമാണ് പരിഷ്കാരത്തിന്‍െറ കാതല്‍. സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, ഒക്ട്രോയി, പ്രവേശനികുതി തുടങ്ങിയ സേവന നികുതികള്‍, അഡീഷനല്‍ കസ്റ്റംസ് ഡ്യൂട്ടി, സെന്‍ട്രല്‍ സെയില്‍സ് ടാക്സ്, തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്നതല്ലാത്ത വിനോദനികുതി, വാറ്റ് തുടങ്ങി ഒട്ടനവധി നികുതികള്‍ ഇതോടെ ഇല്ലാതാകും. മദ്യം, പെട്രോളിയം ഉല്‍പന്നങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ എന്നിവ ജി.എസ്.ടിയുടെ പരിധിയില്‍ വരുന്നില്ല. കേന്ദ്രധനമന്ത്രി അധ്യക്ഷനാകുന്ന ജി.എസ്.ടി കൗണ്‍സില്‍ ആയിരിക്കും ചരക്കുസേവന നികുതി സംബന്ധിച്ച നയങ്ങളിലും തര്‍ക്കങ്ങളിലും അന്തിമതീരുമാനമെടുക്കുക. രാജ്യമൊട്ടുക്കും അതിരുകളില്ലാത്ത ഒരു വിപണിയായി മാറുന്നു എന്നതാണ് ജി.എസ്.ടിയുടെ ഫലശ്രുതി. ഉല്‍പാദകതലത്തില്‍ എന്നതിനു പകരം ഉപഭോഗതലത്തില്‍ നികുതി ഈടാക്കുക എന്നതാണ് ഇതിന്‍െറ പ്രത്യേകത. നികുതി ഈടാക്കുന്നതിനു ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് വകവെച്ചുനല്‍കുന്ന അവകാശമാണ് 122ാം ഭരണഘടന ഭേദഗതിയിലൂടെ അടിയറവ് വെച്ചിരിക്കുന്നത്. രാജ്യത്തിന്‍െറ ഫെഡറല്‍ ഘടനക്കനുസൃതമായി സെന്‍ട്രല്‍ ജി.എസ്.ടി, സ്റ്റേറ്റ് ജി.എസ്.ടി എന്നിങ്ങനെ രണ്ടുഘടകങ്ങള്‍ പുതിയ പരിഷ്കാരം വിഭാവന ചെയ്യുന്നുണ്ട്.  നികുതി ഏകീകരണം സാധനങ്ങളുടെ വില കുറയാന്‍ ഇടയാക്കുമെന്ന ഒൗദ്യോഗിക ഭാഷ്യം പ്രായോഗികതലത്തില്‍ കണ്ടറിയണം. ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന മുറവിളി ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

ജി.എസ്.ടി ബില്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ പാസാക്കിയെടുക്കുന്നതില്‍ മോദിസര്‍ക്കാര്‍ നേടിയ വിജയം സാമ്പത്തിക ഉദാരീകരണ നയത്തിനു ഏത് പ്രതികൂലരാഷ്ട്രീയസാഹചര്യവും തരണംചെയ്യാന്‍ സാധിക്കുമെന്നതിന്‍െറ മുന്തിയ ഉദാഹരണമാണ്. ഏകീകൃത ചരക്കുസേവനനികുതി എന്ന ആശയം രാജ്യത്തിനു മുന്നില്‍ അവതരിപ്പിച്ചത് കോണ്‍ഗ്രസുകാരനായ പി. ചിദംബരമാണെന്നിരിക്കെ ബില്ലിനെ എതിര്‍ക്കാന്‍ അദ്ദേഹത്തിന്‍െറ പാര്‍ട്ടിക്ക് കാര്യമായ പഴുതൊന്നുമുണ്ടായിരുന്നില്ല. നികുതി നിരക്ക് 18 ശതമാനം കവിയാന്‍ പാടില്ളെന്ന് വരാനിരിക്കുന്ന നിയമനിര്‍മാണങ്ങളില്‍ നിജപ്പെടുത്തണമെന്നും മണിബില്ലിനു പകരം ധനബില്ലായി അവതരിപ്പിച്ച് രാജ്യസഭയില്‍ വോട്ടെടുപ്പിന് അവസരമൊരുക്കേണ്ടതുണ്ടെന്നുമുള്ള ചിദംബരത്തിന്‍െറ രണ്ടു നിര്‍ദേശങ്ങളിന്മേലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉറപ്പൊന്നും നല്‍കാതിരുന്നത് ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയായിരിക്കില്ല നാളത്തേത് എന്ന് മുന്‍കൂട്ടി കണ്ടാവണം.  അതേസമയം, പല ഘട്ടങ്ങളിലും എന്‍.ഡി.എ സര്‍ക്കാറിന്‍െറ തുണക്കത്തൊറുള്ള എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ബില്ലിനു അനുകൂലമായി വോട്ട് ചെയ്യാന്‍ നില്‍ക്കാതെ ഇറങ്ങിപ്പോയത് ജി.എസ്.ടി എന്ന ആശയത്തോടുള്ള കടുത്ത എതിര്‍പ്പുകൊണ്ടാണ്. മറ്റു ഉല്‍പാദക സംസ്ഥാനങ്ങളായ ഗുജറാത്തിനും മഹാരാഷ്ട്രക്കുമൊക്കെ ഈ വിഷയത്തില്‍ വിയോജിപ്പും ഉത്കണ്ഠയുമുണ്ട് എന്ന കാര്യം ബന്ധപ്പെട്ടവരെ പല ഘട്ടങ്ങളിലായി ബോധ്യപ്പെടുത്തിയതാണ്. രാജ്യത്തിനു ഗുണകരമായി വര്‍ത്തിക്കുമെന്ന് ബോധ്യപ്പെടുന്ന വിഷയങ്ങളില്‍ രാഷ്ട്രീയം മാറ്റിവെച്ച് ഭരണ-പ്രതിപക്ഷ കക്ഷികള്‍ യോജിപ്പിന്‍െറ തുരുത്തില്‍ ഒന്നിക്കുക എന്നത് നല്ല കീഴ്വഴക്കമാണ്.

ഭരണഘടനാ കടമ്പകള്‍ പിന്നിട്ടതുകൊണ്ട് മാത്രം ഏകീകൃത ചരക്കുസേവന നികുതി ഘടന ഫലപ്രദമായി നടപ്പാക്കാനാവുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. പ്രായോഗികതലത്തില്‍ പലവിധ തടസ്സങ്ങളും തര്‍ക്കങ്ങളും ഉടലെടുക്കാനുള്ള സാധ്യത തള്ളിക്കളയേണ്ടതുമില്ല. ‘യൂനിഫോം ജി.എസ്.ടി നിരക്ക്’ നിര്‍ണയിക്കുന്നതുപോലും വിചാരിക്കുംപോലെ എളുപ്പമല്ല. തുടക്കത്തില്‍ നിരക്ക് കുറച്ച് നഷ്ടം നേരിടേണ്ടിവരുന്ന സംസ്ഥാനങ്ങള്‍ക്ക് അവ നികത്തിക്കൊടുക്കാന്‍ വ്യവസ്ഥകള്‍ വെക്കുകയേ നിര്‍വാഹമുള്ളൂ. നികുതിനിരക്കും വിലക്കയറ്റവും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് ശതാവധാനതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ളെങ്കില്‍ സാധാരണക്കാരെയാവും അത് പ്രതികൂലമായി ബാധിക്കുക. ജി.എസ്.ടി പരോക്ഷനികുതിയാണ് എന്ന സത്യം മുന്നില്‍ കണ്ടുവേണം ബന്ധപ്പെട്ടവര്‍ മുന്നോട്ടുനീങ്ങാന്‍. ഇന്ത്യയില്‍ പരോക്ഷ, പ്രത്യക്ഷ നികുതികള്‍ തമ്മിലുള്ള അനുപാതം 65:35 ആണ്. വികസിതരാജ്യങ്ങളില്‍ ഇത് നേരെ മറിച്ചാണ്. നാല് ശതമാനം ഇന്ത്യക്കാര്‍ മാത്രമേ ആദായനികുതി നല്‍കുന്നുള്ളൂ. ഇവിടെ നികുതിക്കുമേല്‍ നികുതി ചുമത്തുന്ന ക്രൂരതയാണ് നിലനില്‍ക്കുന്നത്. സേവന നികുതികള്‍ ഓരോ വര്‍ഷവും പെരുകിവരുകയായിരുന്നു. എക്സൈസ് തീരുവകള്‍ ഇടക്കിടെ കൂട്ടുന്ന രീതിയാണ് നാം പിന്തുടര്‍ന്നു പോന്നത്. അതില്‍നിന്നൊക്കെ മാറി, ശാസ്ത്രീയവും നീതിപൂര്‍വകവുമായ ഒരു നികുതി ഘടനയാണ് ഭരണകര്‍ത്താക്കള്‍ വിവക്ഷിക്കുന്നതെങ്കില്‍ നല്ലത്. അതല്ലാതെ, രാഷ്ട്രശില്‍പികള്‍, വളരെ കരുതലോടെ രൂപകല്‍പന ചെയ്ത ഫെഡറല്‍ സമ്പ്രദായത്തിന്‍െറ കടക്ക് കത്തിവെക്കുന്ന, സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയെ തകര്‍ത്തേക്കാവുന്ന ഏത് നീക്കവും ഗുരുതരമായ ഭവിഷ്യത്തുക്കള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഓര്‍ക്കുന്നത് എല്ലാവര്‍ക്കും നല്ലത്.

LEAVE A REPLY