ജിയാ ഖാന്റെ മരണം കൊലപാതകമല്ല, ആത്മഹത്യയെന്ന് ഉറപ്പിച്ച് സിബിഐ

ജിയാ ഖാന്റെ മരണം കൊലപാതകമല്ല, ആത്മഹത്യയെന്ന് ഉറപ്പിച്ച് സിബിഐ

SHARE

മുംബൈ: നടി ജിയാ ഖാന്റെ മരണം ആത്മഹത്യ ആണെന്ന നിലപാടില്‍ ഉറച്ച് സിബിഐ അന്വേഷണ സംഘം. ജിയയുടെ മരണം കൊലപാതകമാണെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നുംചൂണ്ടിക്കാട്ടി അമ്മ റൂബിയ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ മുംബൈ ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, സംഭവത്തില്‍ പൊലീസും സിബിഐയും നടത്തിയ അന്വേഷണത്തില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ കോടതി റൂബിയ ഖാനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പട്ടിക തയ്യാറാക്കി ഈ മാസം 23 ന് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് നരേഷ് പാട്ടില്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണത്തിലെ അപാകതകള്‍, സിബിഐ അന്വേഷണത്തിലെ അപാകതകള്‍, അന്വേഷണ സംഘം വിട്ടുപോയ കാര്യങ്ങള്‍ എന്നിങ്ങനെ തരംതിരിച്ച് പട്ടികയായി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ജിയാഖാനും സുഹൃത്ത് സൂരജ് പഞ്ചോളിയും തമ്മില്‍ കൈമാറിയ മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിക്കാഞ്ഞത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് റൂബിയയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സുരജ് ഈ സന്ദേശങ്ങള്‍ മൊബൈലില്‍ നിന്നും നീക്കം ചെയ്തത് സംഘം പരിഗണിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജിയയുടെ കഴുത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പാട് ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെങ്കിലും ഇതും അന്വേഷണ സംഘം പരിഗണിച്ചില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.

2013 ജൂണ്‍ 3 നാണ് ജിയാ ഖാനെ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം ജിയയുടെ ആണ്‍ സുഹൃത്തും നടനുമായ സൂരജ് പഞ്ചോളിയെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. സൂരജിനെതിരെ പ്രരണാകുറ്റമല്ല കൊലപാതകക്കുറ്റം തന്നെ ചുമത്തണമെന്ന് റൂബിയ ഖാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് അന്വേഷിച്ച പൊലീസും സിബിഐയും ജിയാ ഖാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

2013 ജൂലൈ രണ്ടിന് മുംബൈ ഹൈക്കോടതി സൂരജിന് ജാമ്യം അനുവദിച്ചു.

LEAVE A REPLY