ജമ്മു കശ്മീരിലെ സംഘര്‍ഷം; ഗവര്‍ണര്‍ ഭരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും

ജമ്മു കശ്മീരിലെ സംഘര്‍ഷം; ഗവര്‍ണര്‍ ഭരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും

SHARE

ദില്ലി:  ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള  പൊതു താല്‍പര്യ ഹരജിയില്‍  വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഹര്‍ജിയില്‍ അടുത്ത  ശനിയാഴ്ച വാദം കേള്‍ക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്.  ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേള്‍ക്കുക.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ പാന്ദര്‍ പാര്‍ട്ടിയാണ്  ഗവര്‍ണര്‍ ഭരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള  ഹര്‍ജി ഫയല്‍ ചെയ്തത്. ക്രമസമാധാനം തകരാറിലായ സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ ഭരണഘടനയുടെ 92ാം വകുപ്പു പ്രകാരം ഗവര്‍ണര്‍ ഭരണം നടപ്പാക്കണമെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കാന്‍ കഴിവില്ലാത്ത സംസ്ഥാന സര്‍ക്കാറിനെ ഉടന്‍ പിരിച്ചുവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ദേശീയ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഗവര്‍ണര്‍ ഭരണം നടപ്പാക്കണമെന്ന് പാന്ദര്‍ പാര്‍ട്ടി നേതാവും അഭിഭാഷകനുമായ ഭീം സിംഗ് അഭിപ്രായപ്പെട്ടു. പോലീസും സുരക്ഷാ ഏജന്‍സികളും ചേര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കശ്മീരിന്റെ അന്തരീക്ഷം താറുമാറാക്കിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, കശ്മീരിന്‍റെ പലഭാഗത്തും ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ അധികൃതര്‍ ഇളവ് ചെയ്തു.. എന്നാല്‍ മൊബൈല്‍ സര്‍വീസുകള്‍, ഇന്റര്‍നെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.

LEAVE A REPLY