ഏഴഴകില്‍ വിജേന്ദര്‍ സിംഗ്; കെറി ഹോപ്പിനെ തോല്‍പ്പിച്ച് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം...

ഏഴഴകില്‍ വിജേന്ദര്‍ സിംഗ്; കെറി ഹോപ്പിനെ തോല്‍പ്പിച്ച് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം ചൂടി

SHARE

ദില്ലി: ഇന്ത്യയുടെ പ്രൊഫഷണല്‍ ബോക്‌സര്‍ വിജേന്ദര്‍ സിംഗ് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം ചൂടി. ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചിട്ടാണ് വിജേന്ദര്‍ കിരീടമണിഞ്ഞത്. പ്രൊഫഷണല്‍ ബോക്‌സിംഗില്‍ വിജേന്ദറിന്റെ ആദ്യ കിരീടമാണിത്. പ്രൊഫഷണല്‍ ബോക്‌സിംഗ് റിംഗില്‍ തുടര്‍ച്ചയായ ഏഴാം വിജയമാണ് വിജേന്ദര്‍ കരസ്ഥമാക്കിയിരിക്കുന്നത്.

കിരീട നേട്ടത്തോടെ വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിംഗില്‍ ആദ്യ പതിനഞ്ച് റാങ്കിനുള്ളിലെത്തി. നിലവില്‍ അറുപത്തിഒന്‍പതാം സ്ഥാനത്താണ് വിജേന്ദര്‍.

പത്ത് റൗണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തന്നേക്കാള്‍ പരിചയ സമ്പന്നനായ കെറി ഹോപ്പിനെ വിജേന്ദര്‍ അടിയറവ് പറയിച്ചത്. ദില്ലിയിലെ ത്യാഗരാജ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളുടെ കരഘോഷത്തിന്റെ അകമ്പടിയോടെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ചരിത്രം രചിച്ച കിരീട വിജയം. മികച്ച റെക്കോര്‍ഡുമായി റിംഗിലെത്തിയ ഹോപ്പിന് പക്ഷെ വിജേന്ദറിന് മുന്നില്‍ ആ മികവൊന്നും പുലര്‍ത്താനായില്ല.

പത്ത് വര്‍ഷത്തെ പരിചയസമ്പത്താണ് ഹോപ്പിന് പ്രൊഫഷണല്‍ ബോക്‌സിംഗ് രംഗത്ത് ഉള്ളത്. 35 മത്സരങ്ങളുടെ അനുഭവസമ്പത്തും ഉണ്ടായിരുന്നു. തോല്‍വിയറിഞ്ഞത് ചുരുക്കം ചില മത്സരങ്ങളില്‍ മാത്രം. അതേസമയം കഴിഞ്ഞ വര്‍ഷം മാത്രം പ്രൊഫഷണല്‍ രംഗത്തേക്ക് ചുവടുമാറിയ വിജേന്ദറിന്റെ ക്രെഡിറ്റില്‍ ആറ് മത്സരങ്ങളുടെ പരിചയം മാത്രമ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആറിലും തോല്‍വി അറിഞ്ഞിട്ടില്ല എന്നുള്ള മഹത്തായ നേട്ടം ഈ ഹരിയാനക്കാരന് കൂട്ടിനുണ്ടായിരുന്നു. ആ വിജയപാത മുന്നോട്ട് നീട്ടാന്‍ വിജേന്ദറിനായി.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, വിരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന തുടങ്ങി നിരവധി പ്രശസ്തര്‍ മത്സരം കാണാന്‍ ത്യാഗരാജ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

LEAVE A REPLY