ജുഡീഷ്യല്‍ അടിയന്തരാവസ്ഥ; കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു; പരാതി ലഭിച്ചാല്‍ എസ്‌ഐക്കെതിരെ നടപടി

ജുഡീഷ്യല്‍ അടിയന്തരാവസ്ഥ; കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു; പരാതി ലഭിച്ചാല്‍ എസ്‌ഐക്കെതിരെ നടപടി

SHARE

കോഴിക്കോട്: കോഴിക്കോട് കോടതിയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്, അനൂപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ടീമിന്റെ ലൈവ് റിപ്പോര്‍ട്ടിങിന് സംവിധാനമുള്ള വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റ ചെയ്ത് കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനിലേക്കാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് കൊണ്ടുപോയത്. സഹപ്രവര്‍ത്തകര്‍ക്ക് ഇവരെ കാണാനുള്ള അവസരം പോലും പൊലീസ് നല്‍കിയില്ല. ഏറെ സമയത്തിന് ശേഷമാണ് ഇവരെ പൊലീസ് വിട്ടയച്ചത്. നടപടിയില്‍ ഖേദം പ്രകടിപ്പിച്ചുവെന്നും എന്താണ് സംഭവിച്ചതെന്ന കാര്യം പരിശോധിക്കുമെന്നും ടൗണ്‍ സിഐ കെ എ ബോസ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്നും എസ്‌ഐക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ രാജുവും അറിയിച്ചു.

മാവോവാദി രൂപേഷിനെ കോടതിയില്‍ ഹാജരാക്കുമെന്നും അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ പ്രവേശിക്കരുതെന്ന് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശമുണ്ടെന്നുമായിരുന്നു വിഷയത്തില്‍ പൊലീസുകാരുടെ വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച് എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പോ നോട്ടീസോ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചില്ല. നിങ്ങള്‍ അനുഭവിക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ജുഡീഷ്യലിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു നടപടിയുണ്ടായിരിക്കുന്നതെന്നാണ് സൂചന. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതില്‍ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം, സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെയുള്ള പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അഭിഭാഷകരെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ തിരുവനന്തപുരം വഞ്ചിയൂരില്‍ കോടതിയിലും സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. കടകംപള്ളി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പകര്‍പ്പ് എടുക്കാന്‍ കോടതിയില്‍ എത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

അതിനിടെ അഭിഭാഷകരെ നിയന്ത്രിക്കുന്നതില്‍ പൊലീസിന് പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കോടതിയാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി ഇടപെട്ട് പ്രശ്‌നത്തില്‍ പരിഹാരം കാണേണ്ട സമയമായെന്നും പിണറായി വ്യക്തമാക്കിയിരുന്നു. പിണറായിയുടെ പ്രതികരണത്തിന് തൊട്ടുമുന്‍പ് മാധ്യമ സ്വാതന്ത്യം സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന സിപിഐഎം നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു.

LEAVE A REPLY