കേരളത്തിന്റെ സംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് കാവാലത്തിന്റെ വിയോഗം: പിണറായി വിജയന്‍

കേരളത്തിന്റെ സംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് കാവാലത്തിന്റെ വിയോഗം: പിണറായി വിജയന്‍

SHARE

തിരുവനന്തപുരം: നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നല്‍കിയ പ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കവിതയെ കുട്ടനാടന്‍ നാടോടി ശീലിന്റെ ബലത്തില്‍ പുതിയ ഒരു ഉണര്‍വിലേക്ക് നയിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചുവെന്ന് പിണറായി പറഞ്ഞു . ഭാവനാ പൂര്‍ണമായ പദ്ധതികളിലൂടെ സംഗീത നാടക അക്കാദമിക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും കലാ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ പഴമയുടെയും പുതുമയുടെയും ഇടയില്‍ ഒരു കണ്ണി സൃഷ്ടിച്ചെടുക്കുന്നതിനും കാവാലത്തിനു കഴിഞ്ഞുവെന്ന് പിണറായി അനുസ്മരിച്ചു.

നാടക രംഗത്ത് സവിശേഷമായ ഒരരങ്ങ് ഒരുക്കുന്നതിലും പുതിയ തലമുറയിലെ ശ്രദ്ധേയരായ പ്രതിഭകളെ അതിലൂടെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തുന്നതിലും കാവാലം കാട്ടിയ ശ്രദ്ധ മാതൃകാപരമാണെന്നും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് കാവാലത്തിന്റെ വിയോഗമെന്നും പിണറായി പറഞ്ഞു.

കവിയായും കലാകാരനായും സംഗീത സംവിധാകയകനായും നിറഞ്ഞു നിന്ന കാവാലത്തെ അനുസ്മരിച്ച് നിരവധിപേര്‍ രംഗത്തെത്തി. നാളെ വൈകുന്നേരം നാല് മണിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കാവാലത്ത് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. ഇന്നും നാളെയുമായി മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. തിരുവനന്തപുരത്തെ വസതിയില്‍ ഞായറാഴ്ച രാത്രി 9.40 ഓടെയായിരുന്നു കാവാലത്തിന്റെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

LEAVE A REPLY