മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം അന്തരിച്ചു

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം അന്തരിച്ചു

SHARE
The President, Dr. A.P.J. Abdul Kalam addressing the nation on the eve of 58th Republic Day, in New Delhi on January 25, 2007.

ഷില്ലോംഗ്:മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാം അന്തരിച്ചു. 84 വയസായിരുന്നു. ഷില്ലോഗിലെ ബദനി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഷില്ലോംഗിലെ ഐഐഎമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ജീവയോഗ്യമായ ഭൂമി എന്ന വിഷയത്തിലായിരുന്നു പ്രബന്ധം.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു എപിജെ അബ്ദുള്‍ കലാം. ജനകീയ നയങ്ങളാല്‍ ജനങ്ങളുടെ രാഷ്ട്രപതി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2002-2007 കാലഘട്ടത്തിലാണ് കലാം രാഷ്ട്രപതിയായി സേവനമനുഷ്ടിച്ചത്. 2002ല്‍ ലക്ഷ്മി സെഗാളിനെ പരാജയപ്പെടുത്തിയാണ് കലാം രാഷ്ട്രപതിയായത്. 815548 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കോണ്‍ഗ്രസും, ബിജെപിയും ഒരുപോലെ പിന്തുണച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു കലാം.

1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് അദ്ദേഹം ജനിച്ചത്.ഭാരതരത്‌ന, പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാരതരത്‌നം ലഭിച്ച മൂന്നാമത്തെ രാഷ്ട്രപതിയാണ് കലാം. അഗ്‌നി, പൃഥ്വി മിസൈലുകളുടെ ഉപജ്ഞാതാവാണ് കലാം. മിസൈല്‍ സാങ്കേതിക വിദഗ്ധനും എഞ്ചിനീയറും ആയിരുന്നു. മിസൈല്‍ മനുഷ്യന്‍ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. രാഷ്ട്രപതി ആകുന്നതിന് മുമ്പ് നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വ സ്ഥാനം വഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആദ്യ രാഷ്ടപതിയായിരുന്നു കലാം. ശാസ്ത്രജ്ഞനായിരുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയും. അവിവാഹിതനായ ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയും കാലാമായിരുന്നു.

അഗ്‌നിച്ചിറകുകള്‍ എന്ന പേരില്‍ ആത്മകഥ എഴുതി. വിഷന്‍ ഇന്ത്യ 2020 കലാമിന്റെ സ്വപ്നമായിരുന്നു. ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പദ്ധതിയായിരുന്നു വിഷന്‍ ഇന്ത്യ 2020. 69ല്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നു. ആദ്യ ദൗത്യം സൂപ്പര്‍ സോണിക് ടാര്‍ജറ്റ് എയര്‍ക്രാഫ്റ്റായിരുന്നു.

സംസ്‌കാരചടങ്ങുക ജന്മനാടായ രാമേശ്വരത്ത് നടക്കും. രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടമായത് രാജ്യത്തിന്റെ മാര്‍ഗദര്‍ശിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്നിവര്‍ അനുശോചിച്ചു.

LEAVE A REPLY