ജോലി തേടി ഗള്‍ഫില്‍ വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തെല്ലാം ശ്രദ്ധിക്കണം

ജോലി തേടി ഗള്‍ഫില്‍ വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തെല്ലാം ശ്രദ്ധിക്കണം

SHARE

ഗള്‍ഫില്‍ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ ഒരു ഷെയറിങ്ങ് ബെഡ് സ്‌പേസ് ആദ്യം നോക്കണം. വിസിറ്റിനു നില്‍ക്കുന്ന കാലത്തോളം ഭക്ഷണത്തിന് ഏതെങ്കിലും ഹോട്ടല്‍ മെസ് നോക്കണം. ഒരു മാസത്തേക്ക് ബെഡ് സ്‌പേസ് ഏതാണ്ട് 700-1000, മെസ് മൂന്ന് നേരവും കൂടി 400- 500 ദിര്‍ഹം വരും. ഇവിടുത്തെ ഒരു മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തി നാട്ടില്‍ നിന്ന് തന്നെ സിവി പ്രിന്റ് കെട്ടുകണക്കിന് എടുത്ത് കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഏറ്റവും നല്ലത് നിങ്ങളുടെ ഇവിടുത്തെ ചെലവും ബുദ്ധിമുട്ടും കുറയും. പരിമിതമായ സമയത്തിനുള്ളില്‍ പരമാവധി ജോലി സാധ്യതകള്‍ തേടാന്‍ ദുബൈ തന്നെ താമസത്തിന് തിരഞ്ഞെടുക്കുക .

നിങ്ങള്‍ ഇവിടെ ചിലവാക്കുന്ന പണം നാട്ടില്‍ നിന്നും കൊണ്ടുവരുന്നതായതുകൊണ്ട് ഇവിടെ 1000 വേണമെങ്കില്‍ നാട്ടിലെ 17000 രൂപ വേണമെന്ന് ഓര്‍ക്കുക. അതുകൊണ്ട് 17 ന്റെ ഗുണന പട്ടിക പഠിച്ചുവക്കുന്നത് ചെലവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഒരു കട്ടന്‍ ചായക്ക് 17 രൂപ (1 ദിര്‍ഹം) ആണെന്നറിയുമ്പോള്‍ ചായകുടി പോലും ഉപേക്ഷിക്കാന്‍ തോന്നുമെങ്കിലും, ക്രമേണ അതെല്ലാം ശരിയായിക്കൊള്ളും. നാട്ടിലേതിനേക്കാള്‍ ഇവിടെ വിലക്കുറവുള്ളത് വാഹനത്തിനും പെട്രോളിനും മാത്രമാണെന്ന് അറിയുക. ഇത് രണ്ടും ഇവിടുന്നു കൊണ്ടുപോകാനും കഴിയില്ല. പിന്നെ എന്തുകൊണ്ട് നാട്ടിലെ ബന്ധുക്കള്‍ ഒരു ഗള്‍ഫുകാരനില്‍ നിന്ന് പലതും പ്രതീക്ഷിക്കുന്നു, എയര്‍ലൈന്‍സ് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പോലും ലഗേജ് ഒരു ഗള്‍ഫ്കാരന്‍ എന്തുകൊണ്ട് നാട്ടിലേക്ക് ചുമക്കുന്നു എന്ന് ചോദിച്ചാല്‍, പറയാന്‍ എനിക്ക് അറിയില്ല എന്നോട് ക്ഷമിക്കുക.

ഒരു തുടക്കകാരന് യോഗ്യതയ്ക്ക് അനുസരിച്ച ജോലി ആദ്യം തന്നെ കിട്ടി കൊള്ളണം എന്നില്ല. ആദ്യ വീസയിലെ 2 വര്‍ഷം നാട്ടിലേക്ക് ഒന്നും അയക്കാന്‍ പറ്റിയില്ലെങ്കില്‍ പോലും ഇവിടുത്തെ ചെലവ് കഴിഞ്ഞു പോകുമെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റണം. യുഎഇ എക്‌സ്പീരിയന്‍സ്, ഡ്രൈവിംഗ് ലൈസെന്‍സ് ഇത് രണ്ടും ആകുമ്പോഴാണ് ഒരാള്‍ ഇവിടെ ജോലിക്ക് പ്രാപ്തനാകുന്നത്. ഇത് രണ്ടും കിട്ടണമെങ്കില്‍ ആദ്യം ഒരു വീസ കിട്ടി ആള്‍ ഇവിടെ നില്ക്കണം. ഡ്രൈവിംഗ് ലൈസെന്‍സ് എടുക്കാന്‍ 5000-8000 ആകും, വിസ തന്ന കമ്പനിയുടെ അനുമതിപത്രവും വേണം.

ഒരു കമ്പനി ഒരാള്‍ക്ക് വീസ നല്‍കുമ്പോള്‍ അവര്‍ക്ക് നല്ല ഒരു സംഖ്യ ചെലവ് വരുന്നുണ്ട്. ആദ്യമായി നാട്ടില്‍ നിന്നും വരുന്ന ഒരാളില്‍ നിന്നും, കാര്യങ്ങളൊക്കെ പഠിച്ചു വരുന്നതുവരെ കമ്പനിക്ക് ഒരു സേവനവും കിട്ടില്ല. അതുകൊണ്ട് അവര്‍ ആദ്യ വീസയുടെ 2 വര്‍ഷം കുറഞ്ഞ ശമ്പളത്തിലാകും നിയമിക്കുക. ഈ രണ്ടുവര്‍ഷത്തിനകം വേറെ ജോലിയിലേക്ക് മാറാനും നിയമപരമായി ബുദ്ധിമുട്ടാണ്. അത് ക്ഷമയോടെ പിടിച്ചു നില്‍ക്കുവാനുള്ള ശേഷി നിങ്ങളുടെ ഭാവിയെ നിര്‍ണയിക്കും.

പിന്നെ അയാള്‍ സഹായിക്കും ഇയാള്‍ സഹായിക്കും എന്നൊക്കെയുള്ള പ്രതീക്ഷയോടെ വരാതിരിക്കുക. ഇവിടെ ആര്‍ക്കും ആരെയും അങ്ങിനെ സഹായിക്കാനൊന്നും പറ്റില്ല എന്ന് ഇവിടെ വന്നു കഴിയുമ്പോള്‍ മനസ്സിലാകും. എന്നാല്‍ അപ്രതീക്ഷിതമായ മേഖലകളില്‍ നിന്നും സഹായങ്ങള്‍ കിട്ടുമ്പോള്‍ ഉറപ്പിക്കുക നിങ്ങള്‍ക്ക് വേണ്ടി ആരോ കാര്യമായി പ്രാര്‍ത്ഥിക്കുന്നുണ്ട് അല്ലെങ്കില്‍ നിങ്ങള്‍ ചെയ്ത സല്‍ക്കര്‍മങ്ങളാകാം.

പിന്നെയുള്ളത് ഇവിടുത്തെ നിയമങ്ങളാണ് അത് ആരും പറഞ്ഞ് തരേണ്ടതില്ല, തനിയെ പഠിച്ചോളും അല്ലെങ്കില്‍ അവര്‍ പഠിപ്പിച്ചോളും. കുറച്ചു പൈസ ഫൈന്‍ അടച്ചു പോകുമെന്ന് മാത്രം അതങ്ങിനെ പഠിക്കുന്നതാണ് നല്ലതും, പിന്നെ ആവര്‍ത്തിക്കില്ലല്ലോ? ഒരു തുടക്കകാരന്റെ ആശ്രയമായ ബസ്, മെട്രോ ട്രെയിന്‍ സംവിധാനങ്ങള്‍ ഒറ്റ യാത്രകൊണ്ട് പഠിക്കും. ടി വി യില്‍ക്കണ്ട ബുര്‍ജുഖലീഫയോ, അംബര ചുംബികളായ കെട്ടിടങ്ങളോ, എണ്ണമറ്റ വാഹന നിരകളോ, നാട്ടില്‍ അവധിക്ക് വന്നപ്പോള്‍ കണ്ട ഗള്‍ഫ്കാരന്റെ അത്തറിന്‍ മണമോ അല്ല അനുഭവിക്കാന്‍ പോകുന്ന ഗള്‍ഫ് എന്ന് തിരിച്ചറിയുമ്പോള്‍ നിരാശനാകാതിരിക്കുക, എല്ലാ ദുരനുഭവങ്ങളും അതുപോലെ തന്നെ വീട്ടില്‍ വിളിച്ചു പറഞ്ഞ് അവരെ വിഷമിപ്പിക്കാതിരിക്കുക, അവരെ സന്തോഷിപ്പിക്കാന്‍ അക്കാര്യത്തില്‍ നന്നായി നുണ പറയാന്‍ പഠിക്കുക (അതിന് ദൈവം നിങ്ങളെ ശിക്ഷിക്കില്ല).

ഒരു പ്രാവശ്യമെങ്കിലും കുബ്ബൂസ് വാങ്ങി കഴിക്കുക തൊണ്ടയില്‍ നിന്ന് ഇറങ്ങുമ്പോള്‍, 3 നേരവും ഇത് കഴിച്ചു ജീവിക്കുന്ന ഇവിടുത്തെ പതിനായിരങ്ങളെ പറ്റി ചിന്തിച്ചുനോക്കുക. ഈ മണ്ണില്‍ ജീവിച്ചു സമ്പാദിച്ചിട്ട് ഒഴിവുകിട്ടുമ്പോള്‍ ഇവിടെയുള്ളവരെ പരിഹസിച്ച് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് പോസ്റ്റ് ഇടാതിരിക്കുക. ഞാന്‍ ഉള്ളതുകൊണ്ടാണ് ഇവിടുത്തെ അറബികള്‍ ജീവിച്ചുപോകുന്നത് എന്ന് തോന്നാതിരിക്കുക, ഒരു പാസ്‌പോര്‍ട്ട് മാത്രം കൈമുതലായി ഇവിടെ വന്നിറങ്ങിയിട്ട് ഒരു ജോലി ആദ്യമായി തന്നവനെ ജീവിതത്തില്‍ മറക്കാതിരിക്കുക, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക, ഒപ്പം ഈ രാജ്യത്തിന് വേണ്ടിയും ഇതെല്ലാം ഒരു ഗള്‍ഫ്ക്കാരന്‍ പാലിക്കേണ്ട മിനിമം മര്യാദകളാണ്.

കാലാവസ്ഥയില്‍ വരണ്ടതാണെങ്കിലും 200 നു മേലെ രാജ്യക്കാര്‍ക്ക് അന്നവും, ആശ്രയവും, ആശയും, ജീവിക്കാനുള്ള ആവേശവും കൊടുക്കുന്ന അനുഗ്രഹീതമായ മണ്ണാണിത്, തീര്‍ച്ചയായും ഒരിടം നിങ്ങള്‍ക്കും ഇവിടെ ഉണ്ടാകും, സ്വാഗതം. കുടുതല്‍ വിവരങ്ങള്‍ക്ക് pallathshanavaz@gmail.com

LEAVE A REPLY