ഇന്ത്യയില്‍ ആപ്പിളിന്റെ പ്രതീക്ഷകള്‍ തകരുമോ?

ഇന്ത്യയില്‍ ആപ്പിളിന്റെ പ്രതീക്ഷകള്‍ തകരുമോ?

SHARE

ബോസ്റ്റണ്‍: വന്‍ പ്രതീക്ഷകളുമായി ആപ്പിള്‍ ഇന്ത്യയിലേക്ക് ചേക്കാറാനിരിക്കെ, വരാനുള്ള കാലം ആപ്പിളിന് അത്ര പന്തിയല്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘സ്ട്രാറ്റജി അനാലിറ്റിക്‌സ്’ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, 2016 വര്‍ഷത്തിലെ രണ്ടാം ത്രൈമാസ ഘട്ടത്തില്‍ 800,000 സ്മാര്‍ട്ട് ഫോണുകളാണ് ആപ്പിള്‍ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ ഘട്ടത്തില്‍, 1,200,000 സ്മാര്‍ട്ട് ഫോണുകളാണ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നത്.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ സ്മാര്‍ട്ട് ഫോണിന്റെ മാര്‍ക്കറ്റ് വിഹിതം, 4 ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറഞ്ഞിരിക്കുന്നത് ആശങ്കാപരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തിന് അനുസൃതമായി ഐഫോണ്‍ മോഡലുകള്‍ക്ക് വില കുറച്ചാല്‍ മാത്രമെ, മത്സരരംഗത്ത് ആപ്പിളിന്റെ സാന്നിധ്യം ശക്തമാകുകയുള്ളു. കൂടാതെ ഓപ്പറേറ്റര്‍ സബ്‌സിഡികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും, ചില്ലറ വ്യാപാര രംഗത്ത് ആപ്പിള്‍ ഐഫോണുകള്‍ക്ക് കൂടുതല്‍ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത്, അനിവാര്യമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍-ജൂണ്‍ ഘട്ടത്തില്‍ മാത്രം ആപ്പിളിന്റെ വളര്‍ച്ചാ നിരക്ക് രണ്ടക്കം കടന്നിരുന്നു. ഇന്ത്യ, ജപ്പാന്‍, തുര്‍ക്കി, കാനഡാ, സ്വീഡന്‍, ബ്രസീല്‍ മുതലായ രാജ്യങ്ങളാണ് വളര്‍ച്ചയക്ക് ചുക്കാന്‍ പിടിച്ചിരുന്നതെന്നും ടിം കുക്ക് ഇന്ത്യാ സന്ദര്‍ശന വേളയില്‍ സൂചിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഡെവലപ്പേഴ്‌സിനായി ആപ്പിള്‍, ഐഫോണിന് വേണ്ടിയുള്ള ആപ്ലിക്കേഷന്‍ വികസന കേന്ദ്രം ആരംഭിക്കുന്നതും, ഹൈദരാബാദില്‍ ഐഫോണിന് വേണ്ടിയുള്ള മാപ് വികസനത്തിന് വേഗത നല്‍കാന്‍ ഓഫീസ് ആരംഭിച്ചതും, ഇന്ത്യന്‍ മണ്ണില്‍ ആപ്പിള്‍ വേരുകള്‍ ഉറപ്പിക്കുന്നതിന് മുന്നോടിയായാണ്.ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍, ചൈനയ്ക്കും യു.എസിനും ശേഷം മൂന്നാമത്തെ വലിയ രാഷ്ട്രമായാണ് ഇന്ത്യ നില കൊള്ളുന്നത്.

LEAVE A REPLY