എഎല്‍ വിജയ്‌യുമായുള്ള വിവാഹമോചനം; അമലാ പോളിന് കോളിവുഡില്‍ അപ്രഖ്യാപിത വിലക്ക് ?

എഎല്‍ വിജയ്‌യുമായുള്ള വിവാഹമോചനം; അമലാ പോളിന് കോളിവുഡില്‍ അപ്രഖ്യാപിത വിലക്ക് ?

SHARE

amala-paul-1

ഭര്‍ത്താവ് എഎല്‍ വിജയ്‌യുമായി വിവാഹമോചനത്തിന് ഒരുങ്ങുന്നതിന് പിന്നാലെ തമിഴ് സിനിമയില്‍ അമലാ പോളിന് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍.കോളിവുഡിലെ സിനിമാ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴിലെ പ്രമുഖ നിര്‍മ്മാതാവും തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമാണ് വിജയ്‌യുടെ അച്ഛന്‍ എഎല്‍ അളകപ്പന്‍. തമിഴ് സിനിമാ ലോകവുമായി ഏറെ അടുത്ത ബന്ധമുള്ളയാളാണ് അളകപ്പന്‍. വിവാഹമോചനത്തില്‍ വിജയ്‌യുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നതിന്റെ ഭാഗമായി പ്രധാന നിര്‍മ്മാതാക്കള്‍ അമലയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വടചെന്നൈയിലാണ് അമല ഇനി അഭിനയിക്കേണ്ടത്. ധനുഷാണ് ചിത്രത്തിലെ നായകന്‍. ധനുഷും വെട്രിമാരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹെബ്ബൂലി എന്ന ചിത്രത്തിലൂടെ കന്നഡയിലും അമലാ സിനിമക്കായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

amala paul

അതേസമയം വേര്‍പിരിയുന്നുവെന്ന വാര്‍ത്തയോട് അമല ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാം കോടതിയിലേ തുറന്നു പറയൂ എന്ന നിലപാടിലായിരുന്നു അമല. എന്നാല്‍ വിജയ്‌യും അദ്ദേഹത്തിന്റെ പിതാവും ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു. അമലക്ക് അടക്കമില്ലെന്നും കുടുംബത്തോട് അനീതി കാട്ടിയെന്നും എഎല്‍ അളകപ്പന്‍ ആരോപിച്ചിരുന്നു. അമലയ്ക്ക് തുടര്‍ന്ന് അഭിനയിക്കുന്നതില്‍ താനും കുടുംബവും തടസം നിന്നിട്ടില്ലെന്നാണ് വിജയ് പറയുന്നത്. വിശ്വാസവഞ്ചനയാണ് അമല തന്നോട് കാണിച്ചതെന്ന് എഎല്‍ വിജയ്‌യും പറഞ്ഞിരുന്നു. ഇരുവരും വിവാഹമോചനത്തിനായി ചെന്നൈയിലെ കോടതിയില്‍ സംയുക്ത ഹര്‍ജി നല്‍കിയിരിക്കുകയാണ്.

വിവാഹജീവിതത്തിലെ ചില പൊരുത്തക്കേടുകളും തമിഴിലെ ഒരു സൂപ്പര്‍ സ്റ്റാറുമായുള്ള അമലാ പോളിന്റെ അടുപ്പവുമാണ് ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കിയതെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്. അമലാ പോള്‍ കുടുംബ ജീവിതത്തേക്കാള്‍ കരിയറിന് പ്രാധാന്യം നല്‍കിയതും വിവിധ ഭാഷകളിലായി ആറോളം ചിത്രങ്ങള്‍ക്ക് കരാര്‍ നല്‍കിയതും മാതാപിതാക്കളേയും വിജയ്‌യേയും അസ്വസ്ഥരാക്കിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

LEAVE A REPLY