കെ എം മാണി ഏറ്റവും വലിയ അഴിമതിക്കാരനെന്ന് വിഎസ്; ലീഗ് വര്‍ഗ്ഗീയതയ്ക്ക് കുപ്രസിദ്ധി നേടിയ പാര്‍ട്ടി

കെ എം മാണി ഏറ്റവും വലിയ അഴിമതിക്കാരനെന്ന് വിഎസ്; ലീഗ് വര്‍ഗ്ഗീയതയ്ക്ക് കുപ്രസിദ്ധി നേടിയ പാര്‍ട്ടി

SHARE

വി എസ് (ഫയല്‍ ചിത്രം)

തിരുവനന്തപുരം: കെ എം മാണിക്കും മുസ്‌ലിം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. മാണി ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും ലീഗ് വര്‍ഗ്ഗീയതയ്ക്ക് കുപ്രസിദ്ധി നേടിയ പാര്‍ട്ടിയാണെന്നും വിഎസ് ആരോപിച്ചു. ഇവരുമായി സിപിഐഎമ്മിന് യോജിക്കാനാകില്ലെന്ന് വിഎസ് അഭിപ്രായപ്പെട്ടു. ഈ പാര്‍ട്ടികള്‍ വെച്ചുപുലര്‍ത്തുന്ന ആശയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയവുമായി പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗിനോടും കെ എം മാണിയോടും സിപിഐഎം സംസ്ഥാന നേതൃത്വം മൃദു സമീപനം പുലത്തുന്ന സാഹചര്യത്തിലാണ് ശക്തമായ എതിര്‍പ്പുമായി പാര്‍ട്ടിയുടെ സമുന്നത നേതാവായ വിഎസ് രംഗത്തെത്തിയിരിക്കുന്നത്. മാണി അഴിമതി വീരനാണെന്നാണ് വിഎസ് അഭിപ്രായപ്പെട്ടത്. ഇതിലൂടെ മാണിയെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് തടയിട്ടിരിക്കുകയാണ് വിഎസ്. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ അതേ അഭിപ്രായമാണ് വിഎസ് ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

യുഡിഎഫ് വിട്ട ശേഷം മാണിയോട് സിപിഐഎം ഉദാരമായ സമീപനമാണ് സ്വീകരിച്ച് വന്നിരുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയും മാണിയെ പരോക്ഷമായി ക്ഷണിച്ച് രംഗത്തെത്തിയിരുന്നു.

യുഡിഎഫ് വിട്ട കെ എം മാണിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനം. സമദൂരമെന്നത് എന്‍ഡിഎയിലേക്ക് ചേക്കാറാനുളള സൂത്രവിദ്യയാണെങ്കില്‍, അതിന് വാലുപോയ കുരങ്ങന്റ ന്യായങ്ങളേക്കാള്‍ വലിയ പ്രസക്തിയൊന്നുമില്ല. യുഡിഎഫ് എന്ന പൊളിഞ്ഞ കപ്പല്‍ ഉപേക്ഷിക്കാനുള്ള കേരള കോണ്‍ഗ്രസ് എം തീരുമാനം കോണ്‍ഗ്രസിന് കനത്ത ആഘാതമായെന്നും അതിന്റെ പരിഭ്രാന്തിയുടെ തെളിവാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണമെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. യുഡിഎഫ് വിട്ട് നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കാകാനുളള കേരള കോണ്‍ഗ്രസിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ യുഡിഎഫിന്റെ തകര്‍ച്ചയുടെ ഗുണഭോക്താക്കളാകാന്‍ ബിജെപിയെ അനുവദിച്ചുകൂടായെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

മുസ്‌ലിം ലീഗുമായി സഹകരിക്കുന്നതിന് സിപിഐഎമ്മിന് മടിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന ലേഖനം. യുഡിഎഫിലെ കക്ഷികളുമായി പ്രശ്‌നാധിഷ്ഠിത സഹകരണത്തിന് പാര്‍ട്ടി തയ്യാറാണെന്നും വര്‍ഗ്ഗീയതയുടെ പേരുപറഞ്ഞ് ഒരു പാര്‍ട്ടിയേയും അകറ്റി നിര്‍ത്തേണ്ടെന്നുമായിരുന്നു ലേഖനത്തില്‍ പറഞ്ഞിരുന്നത്.

സിപിഐഎം മാണിയോട് മൃദുസമീപനം പുലര്‍ത്തുമ്പോള്‍ സിപിഐ പക്ഷെ തങ്ങളുടെ എതിര്‍പ്പ് ശക്തമായി പ്രകടമാക്കിയിട്ടുണ്ട്. യുഡിഎഫ് വിട്ടെന്ന് കരുതി മാണിയെ വിശുദ്ധനാക്കാന്‍ തങ്ങളില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY