കൊച്ചിയിലെ ബിക്കിനി ഫാഷന്‍ ഷോ; പാര്‍ട്ടി നടന്ന റിസോര്‍ട്ടിന്റെ ഉടമകള്‍ക്കെതിരെ കേസെടുത്തു

കൊച്ചിയിലെ ബിക്കിനി ഫാഷന്‍ ഷോ; പാര്‍ട്ടി നടന്ന റിസോര്‍ട്ടിന്റെ ഉടമകള്‍ക്കെതിരെ കേസെടുത്തു

SHARE

night-party

കൊച്ചി: കൊച്ചി മുളവുകാട് ദ്വീപില്‍ നിശാപാര്‍ട്ടിയില്‍ ബിക്കിനി ഫാഷന്‍ ഷോ നടത്തിയ സംഭവത്തില്‍ പൊലീസ് നടപടി. ബിക്കിനി ഷോ നടന്ന റിസോര്‍ട്ടിന്റെ ഉടമകള്‍ക്കെതിരെ കേസെടുത്തു. ലഹരിവിരുദ്ധ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡിജെ പാര്‍ട്ടികളും ബിക്കിനി ഷോകളും നഗരത്തില്‍ വ്യാപകമാകുമ്പോള്‍ ഇതിന്റെ മറവില്‍ നടക്കുന്നത് ലഹരി വിതരണവും അനാശാസ്യവുമാണെന്ന ആരോപണമുയര്‍ന്നിരുന്നു. കൊച്ചിയില്‍ നടന്ന ബിക്കിനി ഷോയുടെ  ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. നഗരത്തിലെ മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിശാ പാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

ഡിജെ നടത്താനെത്തിയ തിരുവനന്തപുരം സ്വദേശിയായ ഇവാനില്‍ നിന്നാണ് കൊച്ചി സിറ്റി ഷാഡോ പൊലീസ്  കഞ്ചാവ് പിടിച്ചെടുത്തത്. എന്നാല്‍ ലഹരി പാര്‍ട്ടിയാണെന്ന് അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥന്‍ റിസോര്‍ട്ടിലെ പാര്‍ട്ടിക്ക് അനുവാദം നല്‍കുകയായിരുന്നു. മണിക്കൂറുകളോളം തുടര്‍ച്ചയായി നിശാ പാര്‍ട്ടികളിലെ ഡാന്‍സ് ഫ്‌ളോറില്‍ ആവേശം കുറയാതെ പ്രകടനം നടത്താനാണ് കഞ്ചാവും കെറ്റമിനും അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത്.

വിപുലമായ രീതിയില്‍ ഷോകള്‍ സംഘടിപ്പിക്കുന്നത് ചില ഏജന്‍സികളാണ്. ഒരു ബിക്കിനി ഫാഷന്‍ ഷോയില്‍ പങ്കാളിയാകണമെങ്കില്‍ ആയിരത്തിലധികം രൂപയാണ് ഈടാക്കുന്നത്. അനാശാസ്യവും ലഹരി ഉപയോഗവും പതിവായത് കൊണ്ടു തന്നെ പല ബിക്കിനി, ഡിജെ പരിപാടികളും പരിപാടികളും അതീവരഹസ്യമായാണ് നടത്തുന്നത്. പരിപാടികള്‍ ഷൂട്ട് ചെയ്യാനും അനുവാദം നല്‍കാറില്ല.

രാത്രി മുഴുവന്‍ ആടിതിമിര്‍ക്കണമെങ്കില്‍ ഏതെങ്കിലും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാതെ തരമില്ല. കൂടുതലായും എല്‍എസ്ഡിയാണ് ഉപയോഗിക്കുന്നത്. ഡാന്‍സ് ബാറില്‍ ആടുന്നവര്‍ മുതല്‍ ഡിജെക്കാര്‍ വരെ പതിവായി എല്‍എസ്ഡിയാണ് ഉപയോഗിക്കുന്നത്.

പിടികൂടിയ നിരവധി മയക്കുമരുന്ന് കേസുകളുടെ തുടരന്വേഷണത്തില്‍ കൊച്ചിയിലെ ചില ഡാന്‍സ് ബാറുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചാണ് എല്‍എസ്ഡി പോലുളള മയക്കുമരുന്നുകളുടെ വ്യാപനമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ കണ്ടെടുക്കുന്നതിന് സഹായകമായ രീതിലുളള റെയ്ഡുകള്‍ ഇപ്പോഴും സജീവമാകാത്തതാണ് കൊച്ചിയില്‍ നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗം വ്യാപകമാകാന്‍ കാരണം.

LEAVE A REPLY